ദേശീയതലത്തിലൊരു അഭിമാനകരമായ സമ്മാനം എനിക്കു ലഭിക്കുന്നത് ആദ്യമായാണ്; നന്ദി. ഈ സന്ദര്‍ഭം പത്രപ്രവര്‍ത്തനം എനിക്ക് എന്താണെന്ന്, പത്രപ്രവര്‍ത്തനം എങ്ങനെ മാറ്റത്തെ പ്രതിനിധീകരിക്കണമെന്ന്, മര്‍ദ്ദിതരുടെയും പരിത്യക്തരുടെയും ശബ്ദമായി എങ്ങനെ പത്രപ്രവര്‍ത്തനം മാറ്റണമെന്നു സംസാരിക്കാനായാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, അതിനൊന്നിനുമല്ല ഞാനിപ്പോള്‍ ശ്രമിക്കുന്നത്. പകരമായി ഞാനെന്താണെന്നു വിശദീകരിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തട്ടെ.
നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി; എന്നാല്‍, ഞാനൊരു ഭീകരവാദിയല്ല- നിര്‍ഭാഗ്യവശാല്‍ മുസ്ലിം പേരു വഹിക്കുന്ന ആരും, അവനോ അവളോ വിശ്വാസിയോ നിരീശ്വരവാദിയോ ആയാലും പൊതുവേദിയില്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ ഇങ്ങനെത്തന്നെ സംസാരിച്ചുതുടങ്ങണം. കൌമാരം മുതലേ ഒരു മതവും അനുഷ്ഠിക്കാത്ത ഞാനും ഇങ്ങനെത്തന്നെ സംസാരിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി; എന്നാല്‍ ഞാനൊരു ഭീകരിയല്ല.
ഞാനെന്താണു പറയാന്‍ പോവുന്നതെന്നു നിങ്ങള്‍ക്ക് ഊഹിക്കാനായേക്കും. ഈ പുരസ്കാരം ഞാന്‍ ചെയ്തൊരു 'കുറ്റ'ത്തെപ്പറ്റി സംസാരിക്കാനുള്ള സന്ദര്‍ഭമാണ്. കുപ്രസിദ്ധമായ ബാംഗ്ളൂര്‍ സ്ഫോടനക്കേസിലെ രണ്ടു പ്രോസിക്യൂഷന്‍ സാക്ഷികളെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാനിടയായി. കേസില്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅദനി കുറ്റാരോപിതനാണ്. 1997ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടു പത്തുവര്‍ഷം ജയിലില്‍ കിടന്ന ആളാണു മഅദനി. 2007ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി, വെറുതെവിട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമുള്ള കാലത്തു മുസ്ലിംചെറുപ്പക്കാരെ ഉത്തേജിപ്പിച്ച തീപ്പൊരി പ്രഭാഷകനായിരുന്നു മഅദനി. പക്ഷേ, അദ്ദേഹത്തിന്റെ രണ്ടാംവരവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷകക്ഷികളുമായി പൊതുസഖ്യമുണ്ടാക്കിക്കൊണ്ടായിരുന്നു. ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കുന്ന, പാര്‍ലമെന്ററിരാഷ്ട്രീയത്തെ സാമൂഹികമാറ്റത്തിനായി ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയക്കാരനിതാ വീണ്ടും പോലിസിനാല്‍ കസ്റ്റഡിയിലെടുക്കപ്പെടുകയാണ്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ഇത്തവണ കര്‍ണാടക പോലിസാണ് മഅദനിയെ അറസ്റ്റ് ചെയ്യുന്നത്; ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ.
ഈ കേസിലെ ആറു പ്രോസിക്യൂഷന്‍ സാക്ഷികളില്‍ രണ്ടുപേര്‍- ജോസ് തോമസും മഅദനിയുടെ അനിയന്‍ മുഹമ്മദ് ജമാലും- കര്‍ണാടക പോലിസ് കെട്ടിച്ചമച്ചതാണു തങ്ങളുടെ മൊഴികളെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. മൂന്നാംസാക്ഷി, പോലിസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്നു. നാലുദിവസത്തിനുള്ളില്‍ അയാള്‍ മരിച്ചുപോവുകയും ചെയ്തു. പോലിസ് രേഖകള്‍ പറയുന്നത്, കണ്ണൂരില്‍വച്ചു മൊഴി രേഖപ്പെടുത്തി എന്നാണ്. എന്നാല്‍, 500 കിലോമീറ്റര്‍ ദൂരെ എറണാകുളത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ആശുപത്രിരേഖകള്‍ പറയുന്നു.
ഈ പശ്ചാത്തലത്തിലാണു പോലിസിന്റെ ഗൂഢാലോചനാസിദ്ധാന്തത്തില്‍ ഞാന്‍ സംശയാലുവായത്. കര്‍ണാടക പോലിസിന്റെ പ്രത്യേകാന്വേഷണസംഘം കെട്ടിച്ചമച്ച മൊത്തം കഥ, ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ സംശയിക്കാന്‍ തുടങ്ങി. എന്താണീ കഥയില്‍ മഅദനിയുടെ റോള്‍? ഈ കേസിലെ രണ്ടു സാക്ഷികളെ കണ്ടതോടെ എന്റെ ഊഹം തെറ്റിയിട്ടില്ലെന്നു ബോധ്യമായി. പോലിസ് പറയുന്നത്, ഈ സാക്ഷികള്‍ കുടകില്‍ ലക്കേരിയിലെ ഇഞ്ചിത്തോട്ടത്തില്‍ വച്ചു മഅദനിയെ കണ്ടന്നാണ്. അവര്‍ എന്നോടു പറഞ്ഞത്, മഅദനിയെ അവര്‍ ടി.വിയിലേ കണ്ടിട്ടുള്ളൂ എന്ന്. സാക്ഷികളിലൊരാള്‍ ആര്‍.എസ്.എസുകാരനായ കെ കെ യോഗാനന്ദയ്ക്ക്, താന്‍ മഅദനി കേസില്‍ സാക്ഷിയാക്കപ്പെട്ടതുപോലും അറിയില്ലത്രേ. മറ്റേ സാക്ഷി റഫീഖ്, അറസ്റ് ചെയ്യപ്പെടുകയും പോലിസിനാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്ത നൂറുകണക്കിനു മുസ്ലിം ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രം. മഅദനിക്കെതിരേ തെളിവു നല്‍കാന്‍ അയാള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് ഞാന്‍ സാക്ഷികളെ തേടിപ്പോയത്. യോഗാനന്ദയെ കണ്ട് റഫീഖിന്റെ സ്ഥലത്തേക്കു പോവുകയായിരുന്നു ഞാന്‍. അപ്പോള്‍ പോലിസ് വരുകയും എന്നെ ചോദ്യംചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ആദ്യം സാധാരണനിലയില്‍. പിന്നീടവര്‍ സഞ്ചരിക്കാനോ ജോലി തുടരാനോ എന്നെ അനുവദിക്കാതായി. ഏതായാലും രണ്ടാംസാക്ഷി റഫീഖിനെ കാണാന്‍ തന്നെ ഞാനുറച്ചു.
വൈകീട്ടാവുമ്പോഴേക്കും ഞാനെന്റെ പണി പൂര്‍ത്തിയാക്കി. കേരളത്തിലേക്കു തിരിച്ചുപോവാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നെ വിളിച്ചു. ഭീകരവാദിയാണോ നിങ്ങള്‍ എന്നാണയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ എന്തു പറയാനാണ്! 'തെഹല്‍കയുടെ പത്രപ്രവര്‍ത്തക എന്ന പേരില്‍ ദുരൂഹതയുള്ള ഒരു സ്ത്രീ ഏതാനും അപരിചിതരോടുകൂടി' തുടങ്ങിയ വാര്‍ത്തകള്‍ ഏതായാലും പ്രാദേശിക പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഉറപ്പാണ്, ഈ വാര്‍ത്തകള്‍ പോലിസ് നട്ടുമുളപ്പിച്ചതു തന്നെ!
ഇതിനിടെ തെഹല്‍ക, 'ഈ മനുഷ്യന്‍ എന്തുകൊണ്ട് ഇനിയും തടവറയില്‍' എന്ന പേരില്‍ എന്റെ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു. മഅദനി നിരപരാധിയാവാം, അല്ലായിരിക്കാം. ബാംഗ്ളൂര്‍ സ്ഫോടനക്കേസിന്റെ ഗുണഗണങ്ങളെക്കുറിച്ചല്ല എന്റെ റിപോര്‍ട്ട്. പക്ഷേ, പോലിസിന്റെ ഗൂഢാലോചന എന്ന കെട്ടുകഥയെക്കുറിച്ചാണ്.
ബാക്കി നിങ്ങള്‍ക്കറിയാമല്ലോ. ഇന്ത്യന്‍ പിനല്‍ കോഡിലെ വകുപ്പുകളനുസരിച്ച്, സാക്ഷികളുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതിനു ഞാന്‍ കുറ്റാരോപിതയായി. മടിക്കേരി ജില്ലാ കോടതിയില്‍ ഞാന്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചു. എന്റെ ജാമ്യാപേക്ഷ കോടതി കേള്‍ക്കുന്നതിനിടയില്‍ കൂടുതല്‍ കുറ്റങ്ങള്‍ പിന്നെയും എന്നിലാരോപിക്കപ്പെട്ടു. അങ്ങനെ കോടതി ജാമ്യാപേക്ഷ നിരസിച്ചു. കര്‍ണാടക ഹൈക്കോടതിയിലാണ് ഇപ്പോള്‍ എന്റെ ജാമ്യാപേക്ഷ. അടുത്ത ദിവസം കേസിന്റെ ഹിയറിങ് നടക്കുകയാണ്. എന്താണു സംഭവിക്കുക എന്നറിയില്ല. ജാമ്യം കിട്ടുമോ അതോ ജയിലില്‍ പോവേണ്ടിവരുമോ?
എനിക്കെതിരായ കേസ് അല്ല പ്രശ്നം. മൊത്തം മാധ്യമങ്ങള്‍ക്കെതിരായ ഒരു താക്കീതാണത്. ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഇതാണനുഭവം. നിങ്ങള്‍ ചോദ്യംചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെതിരേ കിരാതനിയമങ്ങള്‍ ഉയരുകയായി. നിങ്ങള്‍ ഒരു ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ആളാണെങ്കില്‍, നിങ്ങള്‍ ഒരു ഭീകരനല്ലെന്നു തെളിയിക്കുക ബുദ്ധിമുട്ടാണ്. നിങ്ങള്‍ ഒരു മാവോവാദിയല്ലെന്നു തെളിയിക്കലും, ഈ കാലത്തും ലോകത്തും ദുഷ്കരമാണല്ലോ.
പെയ്ഡ് ന്യൂസുകളുടെ ഈ കാലത്ത്, ഒന്നും കൊടുക്കാനില്ലാത്തവരുടെ കൂടെ, പുറമ്പോക്കുവാസികളുടെ കൂടെ നില്‍ക്കുക പ്രധാനമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
അദൃശ്യരായവര്‍ക്കു ദൃശ്യത നല്‍കാനാണു ഞാനെപ്പോഴും ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ശ്രമിച്ചിട്ടുള്ളത്. ഈ പുരസ്കാരം എന്റെ ശ്രമങ്ങള്‍ക്കുള്ള ബഹുമതിയാണ്; മുന്നോട്ടുപോവാനുള്ള ഉറപ്പും പിന്തുണയും കൂടിയാണിത് എന്നു ഞാന്‍ കരുതുന്നു.
ഇതുപോലൊരു സമയത്ത് ഈ പുരസ്കാരം ലഭിക്കുന്നതിനു പ്രത്യേകതയുണ്ട്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള എന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള പൊതുപ്രസ്താവനയായി ഞാനിതെടുക്കുന്നു. നന്ദി, ഒരിക്കല്‍ക്കൂടി നന്ദി.
(ബാംഗ്ലൂര്‍ സ്പോടനക്കേസില്‍ സാക്ഷികളെന്നു പോലീസ് പറയുന്ന ചിലരെ ഇന്റര്‍വ്യൂ ചെയ്തതിനെ തുടര്‍ന്ന് കേസിലകപ്പെട്ട മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള ചമേലി ദേവി ജയിന്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി ചെയ്ത പ്രസ്താവന.)
(അവലംബം തേജസ്സു)
2011-04-13
Subscribe to:
Post Comments (Atom)


5 comments:
പെയ്ഡ് ന്യൂസുകളുടെ ഈ കാലത്ത്, ഒന്നും കൊടുക്കാനില്ലാത്തവരുടെ കൂടെ, പുറമ്പോക്കുവാസികളുടെ കൂടെ നില്‍ക്കുക പ്രധാനമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഞാൻ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. സത്യത്തിനു വേണ്ടി നിലനിൽക്കുന്ന ഒരു പത്ര പ്രവർത്തക എന്ന നിലയിൽ ഇവരെ പോലെയുഌഅവർ നില നിൽക്കേണ്ടതുണ്ട്.
സത്യം വിജയിക്കട്ടെ.
aashamsakal......
ഷാഹിന....ഒരു......തീവ്രവാദിയാകാതിരിക്കട്ടെ......
Post a Comment